History

Fathima Matha Church Vellattanjur History

Vellatanjur Fathima Matha Church is located in Velur Panchayath in Thrissur district. Vellatanjur Fathima Matha Church is the first Church which is dedicated to Our Lady of Fathima. The long awaited expectations of the faithful people of Vellattanjur, the first church was built in 1946 and in the same year 12th February Rt.Rev.Dr.George Alappat, Bishop of Thrissur blessed and named the church as the church of Our Lady of Fathima. During the year 1963, Rev.Fr.Joseph Thekkakara Asst. Vicar of Velur Parish took initial steps to convert this church into the Parish.

പച്ചവിരിച്ച നെൽപ്പാടങ്ങളും, കാനനഭംഗിയും ശീതളിമയും പകരുന്ന കോട്ടക്കുന്ന്, മൈലാടിക്കുന്ന്, പ്ലാലാറ്റിൻകുന്ന്, കാഞ്ഞിരക്കുന്ന് എന്നിവയും കളകളാരവം മുഴക്കി ഈ പ്രദേശത്തെ ജലസമ്പന്നമാക്കി കടന്നുപോകുന്ന വടക്കാഞ്ചേരി പുഴയും അതിരുകൾ കുറിക്കുന്ന മനോഹരവും ശാന്തസുന്ദരവുമായ വെള്ളാറ്റഞ്ഞൂർ ഗ്രാമം തൃശൂർ നഗരത്തിൽ നിന്നും 25 km ദൂരത്തിൽ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഗ്രാമീണരിൽ ഭൂരിപക്ഷവും ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമാണ് . സാമ്പത്തികമായി വളരെ പിന്നിലായിട്ടും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ്‍മയുടെയും പ്രാർത്ഥനയുടെയും ഫലമായി പണിതുയർത്തിയ പരിശുദ്ധ ഫാത്തിമ മാതാവിന്റെ മനോഹരമായ ഈ ദൈവാലയം ഈ ഗ്രാമത്തിന്റെ ആദ്ധ്യാത്മികതയുടെയും, സാംസ്കാരികതയുടെയും, മതസഹിഷ്ണതയുടെയും തിലകക്കുറിയായി നിലകൊള്ളുന്നു. ഭാരതത്തിലെ പരിശുദ്ധ ഫാത്തിമ മാതാവിന് പ്രതിഷ്‌ഠിക്കപ്പെട്ട ഏറ്റവും ആദ്യത്തെ ദൈവാലയം എന്ന ബഹുമതി കൂടി ഈ പള്ളിക്ക് അവകാശപെട്ടതാണ്‌. നിരവധി അനുഗ്രഹങ്ങളും രോഗശാന്തിയും ഇവിടെ വന്ന് പ്രാർത്ഥിക്കുന്നവർക്ക് അനുഭവപ്പെട്ടുവരുന്നു. മാറാവ്യാധിമൂലം കഷ്ടപ്പെടുന്ന പലർക്കും അത്ഭുതരോഗശാന്തി ലഭിച്ചിട്ടുള്ളതിന്റെ ഉപകാരസ്മരണക്കായി പലവസ്തുക്കളും കാണിക്കയായി ലഭിച്ചിട്ടുണ്ട്. സന്താനലബ്ധിക്കായി പ്രത്യേകം പ്രാർത്ഥിച്ചതിന്റെ ഫലമായി കുട്ടികളുണ്ടായതിന്റെ സ്മരണാഞ്ജലിയായി തിരുന്നാൾ ദിവസം കുട്ടികളെ ചോറൂണിന് ഇരുത്തുന്നത് പ്രത്യേക വഴിപാടായി നടത്തി വരുന്നു.

പണ്ടുകാലത്ത് കളിയടക്കനിർമ്മാണം ഉപതൊഴിലായിരുന്നതിനാൽ ഈ പ്രദേശം ഒരു സുപ്രധാന കളിയടക്ക നിർമ്മാണകേന്ദ്രവും വ്യാപാരകേന്ദ്രവും കൂടിയായിരുന്നു. അക്കാലത്തു പള്ളിവക സ്ഥലത്തു പച്ചടക്ക മാർക്കറ്റ് നടത്തിയിരുന്നതായി രേഖകൾ കാണുന്നു. തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിക്കോട് പ്രദേശങ്ങളുടെ ആസ്ഥാനം വെള്ളാറ്റഞ്ഞൂർ ആയിരുന്നു എന്ന് പറയപ്പെടുന്നു.

വെള്ളാറ്റഞ്ഞൂർ, തയ്യൂർ, പുലിയന്നൂർ, കുറുവന്നൂർ എന്നീ പ്രദേശങ്ങളിലെ ക്രൈസ്തവ സമൂഹം മതപരമായ ആവശ്യങ്ങൾക്ക് ഏകദേശം 5 കി.മി. ദുരെയുള്ള വേലൂർ ഫൊറോന പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. റോഡുകളോ സഞ്ചാരയോഗ്യമായ വഴികളോ വളരെ പരിമിതമായ അക്കാലത്ത് കൂദാശകൾ സ്വീകരിക്കുന്നതിനും ശവസംസക്കാരാദികർമ്മങ്ങൾ പോലുള്ള മറ്റ് ആവശ്യങ്ങൾക്കും വേലൂരിൽ എത്തിച്ചേരുക എന്നത് തികച്ചും ദുഷ്കരമായിരുന്നു. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ദിവ്യബലിയിൽ പങ്കെടുക്കുന്നതിനും, കുട്ടികളുടെ മതബോധനത്തിനും ഒരു സ്ഥലം ഉണ്ടാകണമെന്നത് ഇവിടത്തുകാരുടെ ചിരകാല അഭിലാഷമായിരുന്നു. തയ്യൂർ, വെള്ളാറ്റഞ്ഞൂർ പ്രദേശത്തുകാരായ ക്രൈസ്തവരുടെ ഇടയിൽ ഈ ചിന്ത ശക്തമായപ്പോൾ വെള്ളാറ്റഞ്ഞൂർ ഇടവകാതിർത്തിയിൽപ്പെട്ട കിഴക്കുമുറി സമുദായക്കാരായ 19 വീട്ടുകാരിൽ പ്രധാനനടത്തിപ്പുകാരായിരുന്ന മൺമറഞ്ഞ പഴങ്കൻ ചാക്കുണ്ണി കുഞ്ഞിപൊറിഞ്ചു, പൊറത്തൂർ അന്തപ്പൻ പൊറിഞ്ചു, പൊറത്തൂർ കുരിയപ്പൻ പൊറിഞ്ചു എന്നിവരുടെ നേതൃത്വത്തിൽ 1934 ആഗസ്ത് 10 (1110 കർക്കിടകം 26 ) വേദപാഠം പഠിപ്പിക്കുവാൻ കിഴക്കുമുറി സമുദായം ബഹു.കൊച്ചിൻ ദിവാൻ പേഷ്‌ക്കാരിൽ നിന്ന് വെള്ളാറ്റഞ്ഞൂർ വില്ലേജിൽ സർവ്വേ 363 / 2 ൽ പെട്ട 23 സെൻറ് സ്ഥലം പതിച്ചുവാങ്ങിച്ചു. ഈ സ്ഥലം ചവന്തകുന്നു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ഇടവകക്കാരനായ ബഹു. കുറ്റിക്കാട്ട് ജോൺ അച്ചന് തിരുപ്പട്ടം ലഭിച്ചത് ഈ അവസരത്തിലാണ്. അദ്ദേഹത്തിന് ഈ സ്ഥലത്തു വെച്ച് 1937 ഡിസംബർ 27നു ഒരു സ്വീകരണം നൽകി. അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിൽ ഇവിടെ നമുക്ക് ഒരു പള്ളി പണിയണം, ആയതിന് ആവശ്യമായ എല്ലാ സഹകരണങ്ങളും ചെയ്തുതരാം എന്ന് വാഗ്‌ദാനം ചെയ്‌തു.

1939ൽ കുട്ടികളുടെ മതപഠനത്തിനുവേണ്ടി ഒരു താൽക്കാലിക കെട്ടിടം പണിത് അവിടെ മതബോധനം ആരംഭിച്ചു. അതോടൊപ്പം തന്നെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുകയും ചെയ്തു. ശ്രീ.കെ. എസ്സ്. അന്തോണി മാസ്റ്റർ, ശ്രീ. നീലങ്കാവിൽ പൊറിഞ്ചു എന്നിവരായിരുന്നു ആദ്യകാല മതാദ്ധ്യാപകർ. ബഹു. ജോൺ അക്കര അച്ചന്റെ നേതൃത്വത്തിൽ പള്ളിപണിയുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. നാട്ടുകാരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഇന്നു കാണുന്ന സ്ഥലത്ത് ഒരു ചെറിയ പള്ളി പണിതു. 1946 ഫെബ്രുവരി 12നു തൃശ്ശൂർ രൂപതാദ്ധ്യക്ഷൻ മാർ. ജോർജ്ജ് ആലപ്പാട്ട് പരിശുദ്ധ ഫാത്തിമ നാഥയുടെ തിരുസ്വരൂപം ആശീർവദിച്ചു പ്രതിഷ്ഠിക്കുകയും പള്ളി വെഞ്ചിരിക്കുകയും ഫാത്തിമ മാതാ പള്ളി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1946 ൽ തന്നെയാണ് പോർച്ചുഗലിനെ അമലോത്ഭവ മാതാവിന് പ്രതിഷ്ഠിച്ചതിന്റെ മൂന്നാം ശതാബ്‌ദി ആഘോഷിച്ചത്. ഈ അവസരത്തിൽ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം ലിസ്ബണിലേക്കും തിരികെ ഫാത്തിമയിലേക്കും ഭക്തിനിർഭരമായ തീർത്ഥാടനത്തോടെ സംവഹിക്കപ്പെട്ടു. പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം ആദ്യമായി ഫാത്തിമായിൽ നിന്നും പുറത്തേക്ക് സംവഹിക്കപെട്ട അവസരത്തിലാണ് നിരവധി അനുഗ്രഹങ്ങളും, രോഗശാന്തിയും, മനസാന്തരങ്ങളും നടന്നത്. ഇതേ വർഷം തന്നെയാണ് നമ്മുടെ ഇടവക പള്ളിയും (1946 ഫെബ്രുവരി 12 ന് ) അഭിവന്ദ്യ മാർ. ജോർജ്ജ് ആലപ്പാട്ട് പിതാവ് പരിശുദ്ധ ഫാത്തിമ മാതാവിന് പ്രതിഷ്ഠിച്ചത് എന്നത് വലിയ ദൈവാനുഗ്രഹമായി അനുഭവപ്പെട്ടുവരുന്നുണ്ട്. 1946 ൽ തന്നെയാണ് ഫാത്തിമ മാതാവിനെ ലോകരാഞ്ജിയായി കിരീടം ധരിപ്പിച്ചു എന്ന പ്രഖ്യാപനം നടന്നത്.

1946 ഫെബ്രുവരി 13 ന് വി. സെബസ്ത്യാനോസ് സഹദായുടെ തിരുന്നാൾ ആദ്യമായി ആഘോഷിച്ചു. 1946 മെയ് 9 ന് ആദ്യമായി വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ ആഘോഷിച്ചു. പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുന്നാൾ ആദ്യമായി ആഘോഷിച്ചത് 1946 ഒക്ടോബർ 16, 17 തിയ്യതികളിലായിരുന്നു. തുടർന്ന് എല്ലാ വർഷവും ഒക്ടോബർ 12, 13 തിയ്യതികളിലാണ് മാതാവിന്റെ തിരുന്നാൾ ആഘോഷിച്ചുവരുന്നത്. 1949 മുതലാണ് വി. സെബസ്ത്യാനോസ് സഹദായുടെ തിരുന്നാൾ ജനുവരി 25, 26 തിയ്യതികളിൽ ആഘോഷിച്ചു തുടങ്ങിയത്. പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുന്നാൾ നാം ഇന്ന് ആഘോഷിക്കുന്ന രീതിക്ക് രൂപം കൊടുത്തത് 1949ൽ വേലൂർ അസിസ്റ്റന്റ് വികാരിയായിരുന്ന ബഹു. ഫാ. സെബാസ്റ്റ്യൻ കാരാത്രയാണ്.

1949 ൽ സെമിത്തേരി പണി പൂർത്തീകരിച്ചു വെഞ്ചിരിപ്പ് നടത്തി. ആദ്യമായി സംസ്കരിച്ച മൃതദേഹം പൊറത്തൂർ ചേറു മകൾ അന്നമ്മയുടേതാണ് (10 - 3 - 1951). 1949 ഏപ്രിൽ 10 ന് ആദ്യ ഗായകസംഘം നിലവിൽ വന്നു. പൊറത്തൂർ അന്തോണി പത്രോസ്, കുറ്റിക്കാട്ട് മാത്തു കുഞ്ഞുവറീത്, പൊറത്തൂർ കുഞ്ഞിപൊറിഞ്ചു ചാക്കുണ്ണി, പൊറത്തൂർ ചാക്കു ദേവസ്സിക്കുട്ടി എന്നിവരായിരുന്നു ആദ്യത്തെ ഇടവക ഗായകസംഘം.

1963 കാലഘട്ടത്തിൽ വേലൂർ അസി. വികാരി ആയിരുന്ന ബഹു. ജോസഫ് തെക്കേക്കര അച്ചന്റെ നേതൃത്വത്തിൽ വെള്ളാറ്റഞ്ഞൂർ ഒരു ഇടവക പള്ളിയായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ ഒരു ഇടവക പള്ളിക്കുവേണ്ട സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നതിനാൽ കിഴക്കുമുറി സമുദായക്കാരുടെ കൈവശമുണ്ടായിരുന്ന ഒരേക്കർ അമ്പത്തി ഒന്ന് സെന്റ് സ്ഥലം 1963ൽ പള്ളിക്ക് സംഭാവനയായി നൽകി. 1964 ആഗസ്ത് 5ന് വെള്ളാറ്റഞ്ഞൂർ, പുലിയന്നൂർ, തയ്യൂരിന്റെ പടിഞ്ഞാറുഭാഗം എന്നീ സ്ഥലങ്ങൾ കൂട്ടിച്ചേർത്ത് ഒരു ഇടവക പള്ളിയായി ഉയർത്തി. വെള്ളാറ്റഞ്ഞൂർ ഒരു ഇടവക പള്ളിയായി ഉയർത്തുന്നതിന് ജോസഫ് തെക്കേക്കര അച്ചൻ നിസ്തുല സേവനമാണ് കാഴ്ചവെച്ചത്.

സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലായിരുന്ന ഫാത്തിമ മാതാ ദൈവാലയത്തിന് ഞങ്ങളുടെ തള്ള പള്ളിയായിരുന്ന വേലൂർ ഫൊറോന പള്ളിയിൽ നിന്ന് യാതൊരു വിധത്തിലുമുള്ള അവകാശവും, ഭാഗവും, സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ല. എങ്കിലും ഞങ്ങളുടെ കൂട്ടായ്മയുടെയും കഠിനാദ്ധ്വാനത്തിന്റെയും അതുല്യമായ ദൈവാനുഗ്രഹത്തിന്റെയും ഫലമായി ഇടവക പള്ളിയെ സാമ്പത്തിക ഭദ്രതയിലേക്ക് എത്തിക്കുവാൻ സാധിച്ചു എന്നത് അഭിമാനത്തോടെ എടുത്തു പറയേണ്ട വസ്തുതയാണ്. കൂടാതെ അന്നുവരെ പള്ളിസ്ക്കുളിൽ ഞങ്ങൾക്കും കൂടി ലഭിക്കേണ്ട തൊഴിലവസരങ്ങൾ വേലൂർ പള്ളി അധികൃതർ നിഷേധിച്ചു എന്ന വസ്തുത ഖേദപൂർവ്വം ഓർമ്മിപ്പിക്കട്ടെ.

ഫാത്തിമ മാതാ പള്ളിയുടെ ആരംഭം മുതൽ ഒരു ഇടവകപള്ളിയായി ഉയർന്ന് സാമ്പത്തിക ഭദ്രത കൈവരിക്കുന്നത് വരെയുള്ള സുദീർഘമായ കാലഘട്ടം യാതൊരു വിധത്തിലുമുള്ള പ്രതിഫലവും കൈപ്പറ്റാതെ പള്ളിയുടെ കണക്കുകൾ എഴുതുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത് പൊറത്തൂർ അന്തപ്പൻ പൊറിഞ്ചു ആയിരുന്നു എന്നുള്ള വസ്തുത നന്ദിപൂർവ്വം രേഖപെടുത്തുന്നു.

1964 സെപ്‌തംബർ 10നു പ്രഥമ വികാരിയായി ബഹു. ഫാദർ ആൻ്റണി തെക്കിനിയത്ത് പള്ളി ഭരണം ഏറ്റെടുത്തു. പള്ളിക്ക് സ്വന്തമായി വൈദികമന്ദിരം ഇല്ലാതിരുന്നതിനാൽ ബഹു.കുറ്റിക്കാട്ടച്ചന്റെ ബംഗ്ലാവായിരുന്നു വൈദികമന്ദിരമായി ഉപയോഗിച്ചിരുന്നത്. ശൈശവ ഘട്ടത്തിലായിരുന്ന ഇടവകയെ വളരെ ക്ലേശങ്ങൾ സഹിച്ച് കൂട്ടായ്മയിലൂടെ നയിക്കുന്നതിനും ഇടവകയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും വേണ്ടി ദീർഘവീക്ഷണത്തോടെ തെക്കിനിയച്ചൻ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഇന്നു കാണുന്ന തെങ്ങുകളിൽ ഭൂരിഭാഗവും ഇടവകക്കാരുടെ പങ്കാളിത്തത്തോടുകൂടി വെച്ചുപിടിപ്പിച്ചത് ഈ കാലഘട്ടത്തിലാണ്. വൈദികമന്ദിരത്തിന്റെ പണി ആരംഭിച്ചതും അദ്ദേഹമായിരുന്നു. ഈ കാലത്ത് പള്ളിക്കൊരു സ്‌കൂളിനു വേണ്ടി അശാന്തപരിശ്രമം നടത്തിയെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ സ്‌കൂൾ ലഭിക്കാതെ പോവുകയാണുണ്ടായത്.

1966ൽ ബഹു. പോൾ പെല്ലിശ്ശേരി അച്ചൻ ഇടവകയുടെ ഭരണം ഏറ്റെടുത്തു. 2 വർഷം അദ്ദേഹത്തിന്റെ സേവനം ദീർഘിച്ചു. 16-01-1968 ൽ ബഹു.ചാക്കോ പാറയിൽ അച്ചന്റെ കാലത്ത് വൈദികമന്ദിരത്തിൻ്റെ പണി പൂർത്തീകരിക്കുകയും അഭിവന്ദ്യ മാർ. ജോർജ്ജ് ആലപ്പാട്ട് പിതാവ് ആശിർവാദകർമ്മം നിർവ്വഹിക്കുകയും ചെയ്തു. ഇടവകയിലെ ഭക്തസംഘടനകളുടെ പ്രവർത്തനം ഏകോപിക്കുകയും കാത്തലിക് യുണിയൻ, സാധുസംരക്ഷണ സമിതി എന്നീ സംഘടനകൾക്ക് രൂപം കൊടുക്കുകയും ചെയ്തു. ഇടവകയിലെ യുവജനങ്ങളുടെ കലാകായിക വളർച്ചക്കുവേണ്ടി ഫാത്തിമ ആർട്സ് സ്പോർട്സ് ക്ലബ് പുനർജീവിപ്പിക്കുകയും ചെയ്തു. വെള്ളാറ്റഞ്ഞൂർ ഗ്രാമത്തിന്റെ സമഗ്രവികസനത്തിനു വേണ്ടി തയ്യൽ പരിശീലനം, ബീഡിതെറുപ്പ്, വട്ടക്കണ്ണി നിർമ്മാണം, ആടുവളർത്തൽ തുടങ്ങിയ തൊഴിൽദാന പദ്ധതികളും പുതിയ റോഡുകൾ,കുളങ്ങൾ എന്നിവ നിർമ്മിച്ച് നാടിന്റെ മുഖഛായ മാറ്റുകയും ചെയ്തു. 1971 ഫെബ്രുവരി 12നു പള്ളിയുടെ രജത ജൂബിലി ആഘോഷിച്ചു. 1973-77 കാലഘട്ടത്തിലാണ് വിവാഹസഹായനിധി, വിൻസെന്റ് ഡീ പോൾ എന്നീ പ്രസ്ഥാനങ്ങൾ ആരംഭിച്ചത്. ബഹു.ആൻറണി കണ്ണമ്പുഴയച്ചനാണ് ഈ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയത്.

1977 മാർച്ച് 30നു ബഹു. ബർണാഡ് തട്ടിൽ വികാരിയായി സ്ഥാനമേറ്റു. പള്ളിയുടെ ജീർണ്ണാവസ്ഥയും സ്ഥലപരിമിതിയും കണക്കിലെടുത്ത് ഇന്നു കാണുന്ന പുതിയ ദൈവാലയത്തിന്റെ പണി 1977 ജൂലായ് 3നു ആരംഭിച്ചു. ബഹു.ജോൺ കുറ്റിക്കാട്ടച്ചൻ സംഭാവനയായി നൽകിയ 27000 രൂപയും പള്ളിയുടെ ഒരേക്കർ മുപ്പത്തിരണ്ട് സെൻറ് സ്ഥലം വിറ്റ വകയിൽ ലഭിച്ച 30000 രൂപയും ഇടവകക്കാരിൽ നിന്ന് ലഭിച്ച വരിസംഖ്യയും സംഭാവനകളുമായിരുന്നു പ്രധാന മൂലധനം. ബഹു. വികാരിയച്ചന്റെയും ഇടവകക്കാരുടെയും രാപ്പകൽ ഇല്ലാത്ത കഠിനാദ്ധ്വാനത്തിന്റെയും ഫലമായി ഏകദേശം രണ്ടു ലക്ഷത്തോളം രൂപ ചിലവ് ചെയ്ത് പള്ളിയുടെ പണി ഏറെക്കുറെ പൂർത്തിയാക്കി. 1979 ഒക്ടോബർ 13നു തൃശൂർ അതിരൂപതയുടെ അഭിവന്ദ്യ പിതാവ് മാർ. ജോസഫ് കുണ്ടുകുളം തിരുമേനി പള്ളിയുടെ കൂദാശകർമ്മം ഭക്ത്യാദരപൂർവ്വം നടത്തുകയുണ്ടായി.

1980-82 കാലഘട്ടത്തിൽ ബഹു. ഫാദർ ജേക്കബ് തച്ചിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു. ബഹു കുറ്റിക്കാട്ടച്ചൻ ദാനമായി നൽകിയ ബംഗ്ലാവും അതിനോടു ചേർന്ന സ്ഥലവും ഉപയോഗിച്ച് "ചെറുപുഷ്പാലയം" എന്ന കർമ്മലീത്ത മഠം 1982 ഒക്‌ടോബർ 10ന് ആരംഭിച്ചു.ബഹു.ജോൺസൺ ഐനിക്കൽ അച്ചനാണ് ഇതിന് നേത്രത്വം നൽകിയത്. ബഹു. സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിൽ ചെറുപുഷ്‌പാലയ ഡിസ്‌പെൻസറി, ടൈലറിംഗ് ക്ലാസ്സ് എന്നിവ നടത്തിയിരുന്നു. കൂടാതെ ബഹു. കുറ്റിക്കാട്ടച്ചന്റെ സ്‌മാരകമായി ഒരു ബസ് വെയിറ്റിംഗ് ഷെഡ്ഡ് പണിതു കൊടുത്തു.

1984-87 കാലത്ത് ബഹു. ജോസഫ് വടക്കേമുറി ഇടവക ഭരണം നടത്തി. 1987-90 കാലഘട്ടത്തിൽ മരണഫണ്ട് ആരംഭിച്ചു. പടിഞ്ഞാറ്റുമുറി കപ്പേള ഇന്നു കാണുന്ന രൂപത്തിൽ പുതുക്കി പണിതത് ഈ സമയത്താണ്. ബഹു. ഫാദർ ജോസഫ് അമ്പൂക്കനച്ചനാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. ഇടവക ദൈവാലയത്തിന്റെ ഏറ്റവും വലിയ പ്രശ്നമായിരുന്നത് ജലദൗർബല്യമായിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടി 1990-92 കാലഘട്ടത്തിൽ ഒരു കിണർ കുഴിപ്പിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. ബഹു.വർഗ്ഗീസ് കാഞ്ഞിരത്തിങ്കൽ അച്ചനാണ് കിണർ കുഴിപ്പിച്ചത്. ഈ സമയത്തു തന്നെയാണ് പള്ളിയുടെ മുൻവശത്തെ റോഡിനു തെക്കേവശത്തുണ്ടായിരുന്ന 34 സെൻറ് സ്ഥലം വിൽക്കുകയും ആ തുക ഉപയോഗിച്ച് പള്ളിയുടെ വടക്കുഭാഗത്തുള്ള പാരിഷ് ഹാളിന്റെ പണി തുടങ്ങുകയും ചെയ്തു. പള്ളിയുടെ വടക്കുകിഴക്കുഭാഗത്തുള്ള 13 സെൻറ് സ്ഥലം വിറ്റു കിട്ടിയ തുകകൊണ്ട് സെമിത്തേരി കപ്പേള നിർമ്മിച്ച് ആശീർവദിച്ചത് ഇദ്ദേഹത്തിന്റെ കാലത്തു തന്നെയാണ്.

1992ൽ ബഹു. ആന്റോ ചിറമ്മൽ അച്ചൻ ഇടവകയുടെ നേതൃത്വം ഏറ്റെടുത്തു. ഇടവക തിരുന്നാൾ മോടികൂട്ടുന്നതിനും ജനങ്ങളുടെ പുരോഗതിക്കും വേണ്ടി 1993 ഫെബ്രുവരി 28നു ഫാത്തിമ മാതാ വെൽഫെയർ കമ്മിറ്റി രൂപീകരിച്ചു.ഈ സംഘടന പള്ളിയുടെ തിരുന്നാൾ ആഘോഷങ്ങൾ പള്ളിക്കും ഇടവക ജനങ്ങൾക്കും ഭാരമാകാതെ നോക്കുന്നതിന് നിസ്തുലസേവനം നടത്തിവരുന്നു. ഒരു പൊതുകളിസ്ഥലം എന്നത് വെള്ളാറ്റഞ്ഞൂരിന്റെ ചിരകാല അഭിലാഷമായിരുന്നു. ബഹുജനപങ്കാളിത്തത്തോടെ ഈ സ്വപ്‌നം ഫാൽക്കൺ ഗ്രൗണ്ട് എന്ന പേരിൽ പൂവണിയുന്നതിന് ഇക്കാലത്തു ഇടവക ശക്തമായ നേതൃത്വം വഹിച്ചു. പള്ളിയുടെ മുഖവാരം മനോഹരമാക്കിയതും വടക്കുഭാഗത്തുള്ള പണി പൂർത്തീകരിച്ചതും ഈ കാലഘട്ടത്തിൽ തന്നെയാണ്.

1996-98 കാലത്ത് ഇടവക വികാരിയായി സേവനമനുഷ്ഠിച്ചത് ബഹു. ഫ്രാൻസിസ് മുട്ടത്ത് അച്ചനാണ്. 1998-2001 കാലത്ത് ഇടവക വികാരിയായി സേവനമനുഷ്ഠിച്ചത് ബഹു.ജോസ് ആലപ്പാട്ട് അച്ചനാണ്. 2000ൽ മഹാജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ പള്ളിയകം സീലിംഗ് ചെയ്തു മനോഹരമാക്കുവാൻ ബഹു.ജോസ് ആലപ്പാട്ടച്ചന്റെ നേത്രത്വത്തിനു സാധിച്ചു.

പള്ളിയുടെ രജത ജൂബിലിയോടനുബന്ധിച്ച് പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ദിവ്യകാരുണ്യവർഷം ഉദ്‌ഘാടനം ചെയ്‌ത ദിവസം തന്നെ (10-10-2004) നമ്മുടെ ഇടവക ദൈവാലയത്തിലെ പുതുക്കി പണിത മദ്ബഹ കൂദാശകർമ്മം നിർവ്വഹിച്ച് പുനഃപ്രതിഷ്ഠിക്കാൻ സാധിച്ചു എന്നത് വലിയ ദൈവാനുഗ്രഹമായി കരുതപ്പെടുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൾത്താര ആശീർവ്വദിച്ച അഭിവന്ദ്യ മാർ താഴത്തുപിതാവ് വിവിധ സംഘടനകളുമായി ആശയവിനിമയം നടത്തുകയും ഇടവക ചരിത്രത്തിൽ ആദ്യമായി കുടുംബകൂട്ടായ്മകളിൽ പങ്കെടുക്കുകയും ചെയ്തു. ഇതേ ദിവസം തന്നെയാണ് ഇടവകയുടെ സ്ഥിതി വിവര കണക്കുകൾ, ചരിത്രം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ ഇടവക ഡയറക്ടറി പ്രസിദ്ധീകരിക്കുവാൻ സാധിച്ചത്. ബഹു. ഫാദർ പ്രിൻസ് പൂവ്വത്തിങ്കലാണ് ഇക്കാര്യങ്ങൾക്ക് നേതൃത്വം കൊടുത്തത്.

2005ൽ ബഹു ഫാദർ ജെയ്‌സൺ മാറോക്കി ഇടവക വികാരിയായി ചുമതല ഏറ്റു. ഇദ്ദേഹത്തിന്റെ കാലത്താണ് ഡയമണ്ട് ജൂബിലി പാരിഷ് ഹാളിന്റെ പണി പൂർത്തിയായത്. കൂടാതെ ഫാത്തിമ മാതാവിന്റെ മനോഹരമായ ഗ്രോട്ടോ നിർമ്മാണവും ഈ കാലഘട്ടത്തിലാണ് നടന്നത്. വെള്ളാറ്റഞ്ഞൂർ ഇടവക ഭാരതത്തിലെ "പ്രഥമ ഫാത്തിമ മാതാ ദൈവാലയം" എന്ന പ്രഖ്യാപനം നടന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്. ബഹു. ജോൺ കുറ്റിക്കാട്ടച്ചന്റെ 25-ാം ചരമവാർഷികവും 100-ാം ജന്മദിനവും അന്നു നടത്തുവികാരി ആയിരുന്ന ബഹു. ലിജോ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ അത്യാഡംബരപൂർവ്വം ആഘോഷിക്കുകയുണ്ടായി.

2008 ആഗസ്റ്റ് 20ന് വികാരിയായി ബഹു. ഫാദർ ആന്റോ കൂള സ്ഥാനമേറ്റു. 2008 ഡിസംബർ 28ന് ഇടവക ദൈവാലയത്തിൽ ബഹു. ബിനോയ് കണ്ണനായ്ക്കലച്ചന്റെ തിരുപ്പട്ടാഭിഷേകം ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടു. വെള്ളാറ്റഞ്ഞൂർ ഇടവകയിൽ നടന്ന ആദ്യത്തെ തിരുപ്പട്ടാഭിഷേകമാണിത്. വൈദീക മന്ദിരത്തിന്റെ പുനർനിർമ്മാണം നടന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്. 2010ൽ നവലോകമാധ്യമമായ ഇന്റർനെറ്റിൽ വെള്ളാറ്റഞ്ഞൂർ ഇടവകയ്ക്ക് വേണ്ടി www.fathimamathachurch.info എന്ന പേരിൽ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. ഇതിനു നേതൃത്വം നൽകിയത് ഇടവകയിലെ യുവജന സംഘടനയായ കെ.സി.വൈ.എം.ആയിരുന്നു.

2012 ഫെബ്രുവരിയിൽ വികാരിയായി ബഹു. ഫാദർ വർഗ്ഗീസ് കരിയാറ്റിൽ സ്ഥാനമേറ്റു. കെ. സി. വൈ. എം സംഘടനയുടെ നേതൃത്വത്തിൽ പുതുക്കിയ ഇടവക ഡയറക്ടറി 2012 ഡിസംബർ 12ന് പ്രസിദ്ധീകരിച്ചു. ഇടവകയുടെ സ്ഥിതി വിവര കണക്കുകൾ, ചരിത്രം, മുൻവികാരിമാർ, ഇടവക ഭക്തസംഘടനകൾ, കുടുംബകൂട്ടായ്മകൾ, എന്നിവയുടെ സമഗ്രമായ വിവരങ്ങൾ ഇടവക ഡയറക്ടറിയിൽ ഉൾക്കൊള്ളിക്കാൻ ഇതിനു നേതൃത്വം നൽകിയ കെ. സി. വൈ. എം സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. 2015-19 കാലഘട്ടത്തിൽ ബഹു. ഫാദർ ലാസർ താന്നിക്കൽ അച്ചൻ ഇടവകയുടെ വികാരി ആയിരുന്നു. 2019 ഫെബ്രുവരിയിൽ ഇടവക വികാരിയായി ബഹു. ഫാദർ ഡേവിസ് ചക്കാലയ്ക്കൽ സ്ഥാനമേറ്റു.

ഭാരതത്തിലെ ആദ്യത്തെ ഫാത്തിമ മാതാ ദൈവാലയമായ വെള്ളാറ്റഞ്ഞൂർ, പരിശുദ്ധ ഫാത്തിമ മാതാവിന്റെ നിർലോഭമായ മാദ്ധ്യസ്ഥ്യത്താൽ അനുഗ്രഹവർഷം സ്വീകരിക്കുന്നതിന് ഇന്നാട്ടിലെ നാനാജാതി മതസ്‌ഥരും സാക്ഷികളാണ്. ഈ ചരിത്രം അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ ദൈവാലയം ഇന്നു കാണുന്ന വിധം രൂപപ്പെടുത്താൻ സഹായിക്കുകയും പരിശ്രമിക്കുകയും ചെയ്‌ത എല്ലാവരേയും വിശിഷ്യാ മുൻകയ്യെടുത്ത ബഹു. കുറ്റിക്കാട്ടച്ചനെയും അച്ചനോടൊപ്പം ആത്മാർത്ഥമായി പരിശ്രമിച്ച മൺമറഞ്ഞുപോയ പൂർവ്വികരെയും ഇടവകയുടെ നാളിതുവരെയുള്ള കാലഘട്ടത്തിൽ ഞങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാ ബഹുമാനപ്പെട്ട വികാരിയാച്ചന്മാരെയും അവരോടൊപ്പം ചേർന്നു നിന്ന് പ്രവർത്തിച്ച എല്ലാവരേയും സ്നേഹത്തോടെ നന്ദിയോടെ ഓർത്തുകൊണ്ട് നിർത്തുന്നു.